Latest Updates

പല രാജ്യങ്ങളിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ആരോഗ്യമന്ത്രാലയം വിശദമായ മാർഗരേഖയിറക്കി. ഇന്ത്യയിൽ ഒരു കേസും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. 

രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ 21 ദിവസത്തിനിടെ യാത്ര ചെയ്തവരും അസാധാരണ രീതിയിലുള്ള പാടുകൾ, ലസിക ഗ്രന്ഥികളുടെ (ലിംഫ്നോഡ്) വീക്കം, പനി, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയിൽ ഒന്നോ അതലധികമോ ലക്ഷണമുള്ളവരും രോഗം സംശയിക്കുന്നവരുടെ ഗണത്തിൽ പെടും

പരിശോധന എപ്പോൾ

പിസിആർ പരിശോധന സാധ്യമാകുന്ന ഏതു ലബോറട്ടറിയിലും കുരങ്ങുപനി പരിശോധിക്കാം. പൊട്ടിയൊലിക്കുന്ന സ്രവം, രക്തം, മൂത്രം തുടങ്ങി സാംപിൾ ലാബിലെത്തിച്ചുള്ള പിസിആർ പരിശോധനയും ജനിതക ശ്രേണീകരണവും വഴിയാണ് സ്ഥിരീകരണം. പോസിറ്റീവാകുന്ന എല്ലാ സാംപിളുകളും പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം. വൈറസ് ബാധയേറ്റാലും ലക്ഷണം കാട്ടിത്തുടങ്ങാൻ 6 മുതൽ 13 ദിവസമെടുക്കും. ഇതു 5–21 ദിവസം വരെ നീളാം. രോഗം 2 മുതൽ 4 ആഴ്ച വരെ തുടരാം. വൈറസ് ബാധയെ തുടർന്നുള്ള പാടുകൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നതിനു 2 ദിവസം മുൻപു മുതൽ ഇത് ഇല്ലാതാകുന്നതു വരെ വൈറസ് മറ്റുള്ളവരിലേക്കു പടരാം. 

എത്രമാത്രം ഗൗരവകരം 

കുരങ്ങുപനി ഏറ്റവും ഗുരുതരമാകുക കുട്ടികളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലുമുള്ളവരിലുമാണ്. മരണനിരക്ക് 11% വരെയാകാം. ഐസലേഷനിലായിരിക്കെ, കാഴ്ച മങ്ങുന്നതും ശ്വാസം തടസപ്പെടുന്നതും കരുതലോടെ കാണണം. മൂത്രത്തിന്റെ അളവ് കുറയുന്നതും മന്ദതയും ആഹാരം കഴിക്കാൻ തോന്നാത്താതും ശ്രദ്ധിക്കണം. 

രോഗനിരീക്ഷണം

രോഗം ബാധിച്ചവരെ ഐസലേഷനിലാക്കുക, ക്ലിനിക്കൽ പരിചരണം ഉറപ്പാക്കുക. നിർജലീകരണം ഒഴിവാക്കി പോഷകാഹാരം ഉറപ്പാക്കണം. ആശുപത്രിയിലോ വീട്ടിലോ വെന്റിലേഷനോടുകൂടിയ പ്രത്യേക മുറിയിലായിരിക്കണം ഐസലേഷൻ വേണ്ടത്. രോഗി മാസ്ക് ധരിക്കണം. വലിയ ഉടുപ്പും മറ്റും ധരിച്ചു ശരീരത്തിലെ വ്രണവും പാടുകളും മറച്ചിരിക്കണം. ഇവ പൂർണമായും ഉണങ്ങുന്നതു വരെ ഐസലേഷൻ തുടരണം. 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

∙ രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. 

∙ എലി, അണ്ണാൻ, കുരങ്ങൻ തുടങ്ങിയവയുമായി സമ്പർക്കം ഒഴിവാക്കുക. 

∙ വന്യമൃഗങ്ങളുടെ ഇറച്ചി, ആഫ്രിക്കൻ കാട്ടുമൃഗങ്ങളിൽ നിന്നുണ്ടാക്കുന്ന ലോഷൻ, ക്രീമുകൾ, പൗഡർ തുടങ്ങിയവയുടെ ഉപയോഗം പാടില്ല. 

∙ കുരങ്ങുപനി ബാധിച്ചയാളുമായി ഇടപഴകിയിട്ടുണ്ടെങ്കിൽ ആശുപത്രി സേവനം തേടണം. 

Get Newsletter

Advertisement

PREVIOUS Choice